വ്യക്ത്തിസ്വാതന്ത്രത്തെ അല്ലെങ്കിൽ സാമൂഹിക ജീവിതാവസ്ഥയെ വെല്ലുവിളിക്കുംവിധം ജനാധിപത്യ ഭരണം അഴിമതിക്കും അധികാര ദുർവിനിയോഗത്തിനും വേണ്ടി നിലനിൽക്കുന്നുവെങ്കിൽ അടിച്ചമർത്തപ്പെടുന്ന ജനത അണിനിരക്കുക ഏതെങ്കിലും കൊടിയുടെ കീഴിൽ, ഏതെങ്കിലും മത -ജാതീയ കക്ഷികളുടെ നേതാക്കളുടെ പിറകിലായിരിക്കില്ല മറിച്ച് മറ്റെല്ലാ വിഭാഗീതയും മറന്ന് ജനം എന്ന ലേബലിൽ ആയിരിക്കുമെന്ന് പലതവണ ലോകം കാണിച്ചുതന്നിട്ടുള്ളതാണ് .പട്ടിണിയും തൊഴിലില്ലായ്മയുമാണ് ലോകം നേരിടുന്ന പ്രാഥമിക പ്രശ്നങ്ങളെങ്കിലും പ്രവചനാതീതമായ ഒരു വിപ്ലവം പൊട്ടി പുറപ്പെടുന്നത് പൌരാവകാശ ലംഘനത്തിന് എതിരെയാണ് എന്നത് വിചിത്ര സത്യമാണ് .അവകാശങ്ങൾ നിഷേധിക്കപെടുന്നത് അഭിമാനബോധമുള്ള ജനതയ്ക്ക് അപമാനകരമാണ് അത്തരം സാഹചര്യങ്ങളിൽ അവർ ആയുധധാരികളാവുകയും ചാവേറുകളാവുകയും സമരസന്നാഹരായി തെരുവിലേക്കിറങ്ങുകയും ചെയ്യുന്നത് ചിന്നി ചിതറിയ കൂട്ടങ്ങളായയിരുന്നു .ഭൂതകാലത്തിലെ വാപിളർന്ന സമരങ്ങളല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെത് .ഇന്ന് ലഭ്യമായ നവ മാധ്യമങ്ങൾ ലോകജനതയെ ഒരു വലക്കണ്ണിയിൽ കൂട്ടിച്ചെർക്കുന്നുണ്ട് .വിരല്ത്തുമ്പിലെ ഒരു ക്ലിക്കിൽ നവമാധ്യമങ്ങളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള മനോഹരമായ പ്രതിരോധവും ലോകത്തെവിടെയും മുളപൊട്ടിയ സമരാഹ്വാനങ്ങൾക്ക് ഊര്ജ്ജമാവുന്നു. 2010 ഡിസംബറിൽ ടുണീഷ്യയിൽ വിരിഞ്ഞ മുല്ലപ്പൂ വിപ്ലവം .... ഒരു വിപ്ലവത്തിന് ഇതിലും മനോഹരമായ എന്ത് പേരിടും ..പേര് പോലെ മനോഹരമല്ല പക്ഷേ പ്രക്ഷോഭം .ചരിത്രം പറയുന്നത് ടുണിഷ്യ കാലാകാലങ്ങളായി ഓരോ കോളനികളുടെ കീഴിലായിരുന്നെന്നാണ് .പിന്നീട് ഉരുത്തിരിഞ്ഞ ഭരണ വ്യവസ്ഥ അതൃപ്തവുമായിരുന്നു .ഒരു നാമ മാത്ര കാരണം(പൊതുവിൽ ) ആണ് വിപ്ലവത്തിന് അരങ്ങൊരുക്കിയതെങ്കിലും യഥാർത്ഥ കാരണം കാലങ്ങളായി അവിടത്തെ ജനത നേരിടുന്ന മറ്റ് ചിലതാണ് .ദുർഭരണം ,അഴിമതി ,അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വിലക്കുകൾ ,തൊഴിലില്ലായ്മ അങ്ങനെ നീളുന്നു ആ കാരണങ്ങൾ .ഒരു ഉന്തുവണ്ടി കച്ചവടക്കാരൻ പോലീസ് പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യുകയുണ്ടായി .മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിനെതിരെ ഉണ്ടായ ഭരണകൂട കടന്നുകയറ്റത്തിനെതിരെ മുളപൊട്ടിയ പ്രതിഷേധം ആ തെരുവിൽ ഒതുങ്ങിയില്ല .അത് രാജ്യം ഏറ്റെടുത്തു പിന്നീട് ലോകത്തെ നവമാധ്യമങ്ങൾ അതിനെ പിന്തുണച്ചു, രംഗം വിപ്ലവഭരിതമായി . അതൊരു ഒറ്റപെട്ട സംഭവമായിരിക്കില്ല കാലകാലങ്ങളായി ജനത നേരിട്ട അടിച്ചമർത്തലിന്റെ പ്രതിസ് ഫുരണമായിരുന്നു എന്ന് തീർച്ച . അന്നത്തെ പ്രസിഡന്റ് സൈനുൾ അബീദിൻ ബെൻ അലി സ്ഥാനമൊഴിഞ്ഞു സൌദി അറേബ്യയിലേക്ക് പാലായനം ചെയ്തു .വിപ്ലവത്തിൽ നിരവധി പേർക്ക് രക്തസാക്ഷികളാകേണ്ടിവന്നു എങ്കിലും ജനപക്ഷം വിജയിച്ചു .മനുഷ്യാവകാശ പ്രവർത്തകനായ മൊൻസെഫ് മർസുക്കി ഇടക്കാല പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടു. mohammed beji caid തുടർന്ന് നടത്തിയ ജനാധിപത്യ തിരഞ്ഞെടുപ്പിൽ എതിരാളികളില്ലാതെ തിരഞ്ഞെടുക്കപെട്ടു .വിപ്ലവാന്ത്യം ചിന്നഭിന്നമായ രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയ്ക്ക് വേണ്ടിയും ജനാധിപത്യ സ്ഥാപനത്തിന് വേണ്ടിയും 2013 മുതൽ അഹോരാത്രം പ്രയത്നിച്ച the tunisian national dialogue quartet നു 2015_ ലെ സമാധാനത്തിനുള്ള പുരസ്കാരവും ലഭിച്ചു .വളരെ അതിശയോക്തികൾ ഒന്നുമില്ലാതെ ടുണിഷ്യ സാധാരണഗതിയിലേക്ക് നീങ്ങുന്നു .ഒരു വിപ്ലവത്തിന് യോജ്യമായ മാറ്റം എന്നതിൽ ജനതക്ക് അഭിമാനിക്കാം . വിപ്ലവ വിചാരങ്ങൾ തുടരും .........
ഓർമ്മപുസ്തകം
2015 ഡിസംബർ 16, ബുധനാഴ്ച
2015 ഡിസംബർ 9, ബുധനാഴ്ച
അപ്പൂസിനെക്കുറിച്ച്
അസം വസീം അതാണ് ഞങളുടെ അപ്പൂസിന്റെ അവൻ പോലും അറിയാതിരുന്ന അവന്റെ പേര് .അസമിന്റെ സ്കൂളിൽ ഞാൻ എത്തുന്നത് 2012 ഓഗസ്റ്റ് മാസമായിരുന്നു .അതിനു മുൻപ് വരെ മലയാളം -ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ വ്യവസ്തനുരൂപമായ അദ്ധ്യാപികവേഷത്തോട് മല്ലിടുകയായിരുന്നു ഞാൻ .അപ്പൂസിന്റെ സ്കൂളിലേക്കുള്ള വഴി തെളിഞ്ഞത് സുഹൃത്തുക്കൾ മുഖേനയാണ് . ഇന്റർവ്യൂ വിളിച്ചപ്പോൾ ഒരു പുതിയ ക്ലാസ്സിലേക്ക് ചേരും മുൻപേയുള്ള തയ്യാറെടുപ്പുകളും ആ വിദ്യാഭ്യാസ ശാഖയെ കുറിച്ചുള്ള അന്വേഷണവും നടത്തിയിരുന്നു . ഞാൻ പ്രതീക്ഷിച്ചതിലപ്പുറം അവിടെ ഇന്റർവ്യു നേരിടേണ്ടിവന്നത് ഒരു prof : psychologist നെ ആയിരുന്നു . അന്നും പിന്നീട് മോണ്ടിസ്സറി അധ്യാപികയായി തുടര്ന്ന ഒരു വർഷക്കാലവും അദ്ദേഹത്തോടൊപ്പം നടത്തിയിട്ടുള്ള ചർച്ചകൾ (ഇന്റർവ്യുവിലും പിന്നീടും ഏകാധിപതിയായ ചോദ്യകർത്താവയിരുന്നില്ല അദ്ദേഹം ) തന്നെയാണ് എന്നെ സംബന്ധിച്ച് ഏറ്റവും പുതിയ, സ്വതന്ത്രമായ ക്ലാസ്സ്മുറികളുള്ള വിദ്യാർഥി സൌഹൃദ അധ്യാപനരീതി മനസിലാക്കാനും ഭേദപ്പെട്ടരീതിയിൽ അവതരിപ്പിക്കാനും കഴിഞ്ഞത് . ഞാനോഴിച്ച് മറ്റെല്ലാവരും മോണ്ടി ട്രെയിനിംഗ് കഴിഞ്ഞവരായിരുന്നു .സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് ഒരു അന്യതാബോധവും തോന്നിയില്ല .അധ്യാപക സുഹൃത്തുക്കൾ തീര്ച്ചയായും എനിക്ക് കണ്ടുപടിക്കേണ്ട മാതൃകകളായിരുന്നു. വീട് വരെ എത്തുന്ന സ്കൂൾ ബസ്സിലാണ് യാത്ര ആയിടയ്ക്ക് ഒരു ദിവസം അമ്പലം കഴിഞ്ഞ് ഒരു വല്ല്യ വീടിനു മുന്നില് ബസ്സ് നിർത്തി പ്രായമുള്ള ഒരു ഉമ്മാമയുടെ തോളിൽ ചാരികിടന്ന് കരയുന്ന ഒരു കുട്ടി .നാലോ അഞ്ചോ വയസ്സ് തോന്നിക്കുന്ന ഓമനതത്വമുള്ള മുഖം . അവനെ തോളിൽ നിന്ന് അടർത്തി എന്റെ കയ്യിൽ എൽപ്പിച്ചിട്ടു അവർ പറഞ്ഞു 'ടീച്ചർ പുതിയെ ആണല്ലേ അപ്പുസ് കോറച്ചീസായി സ്കൂൾ പോയിട്ട് പനിയായിരുന്നു ഒന്ന് ശ്രദ്ധിക്കണേ '.അവനെ അടുത്തിരുത്തിയപ്പോ എന്നും എന്റെ കൂടിരിക്കാൻ വാശിയുള്ള ദിയ പിണങ്ങി . അപ്പുവിനോട് ഞാൻ പതുക്കെ കുശലം ചോദിച്ച് തുടങ്ങി പക്ഷേ എന്റെ മുഖത്തുപോലും നോക്കാതെ ഒരു കൈ എന്റെ ബാഗിന്റെ വാലറ്റം പിടിച്ച് താഴെ നോക്കിയിരുന്നു അവൻ. പിന്നീട് ഞാൻ അറിഞ്ഞത് അവൻ M R ആണെന്ന് ഹാജർ വിളിക്കുമ്പോൾ അസം വസീം എന്റെ പേരേ അല്ലെന്ന നിൽപ്പാണ് അപ്പൊ കുട്ടികൾ പറഞ്ഞു അപ്പുസേന്നു വിളിച്ചാൽ അവൻ ഹാജർ പറയും . short tempered & attention deficit disorder സ്വഭാവമുണ്ട് അപ്പൂസിന് .അന്നത്തെ എന്റെ ക്ലാസ് ആകെ താളം തെറ്റി അവൻ മറ്റു കുട്ടികളേം സ്വയമേവയും അസ്വസ്ഥനാക്കികൊണ്ടിരുന്നു . അവനെ കയ്യിലെടുക്കാൻ ഞാനിന്നുവരെ പഠിച്ചതൊന്നും പോരാന്ന് തോന്നി .സ്നേഹത്തോടെ ചെന്നാലും വഴക്കിട്ടാലും ഒരു നേരത്തേക്ക് പോലും ശ്രദ്ധിക്കാൻ അപ്പൂനു സാധ്യമല്ല .മുഖം പോലും നോക്കില്ല .പക്ഷേ സ്കൂൾ ബസ്സ് ആണേലും ക്ലാസ്സ് ആണേലും മിക്കപ്പോഴും അവൻ എന്റെ സാരി തുമ്പോ വിരലോ പിടിച്ചിരിക്കും .അതൊരു തരത്തിൽ അവന്റെ ശീലമായി മാറി .എവിടെയോ അപ്പൂനെ സുരക്ഷിതമാക്കുന്ന ഒന്നെന്നൊരു തോന്നലിൽ ആണ് അങ്ങനെ ചെയ്യുന്നെന്ന് പ്രൊഫസ്സറും പറഞ്ഞു.ഫ്രോയിഡ് പറയും പോലെ ആശാസ്യമായ ഒരു ചിന്ത കുട്ടിയുടെ മനസ്സിൽ തോന്നിയിട്ടുണ്ടാവാം .എന്നോട് വല്ല്യ അടുപ്പമൊന്നും കാണിക്കാതെ സ്ഥിരം കുസൃതികളുമായി അവൻ ക്ലാസ്സിന്റെ ഭാഗമായി എന്നാൽ പഠന നിർബന്ധങ്ങളില്ലാതെ ദിവസങ്ങൾ കടന്നു .ഒരു ദിവസം അപ്പൂന്റെ ഉമ്മ എന്നെ വിളിച്ചു അപ്പൂസ് അവന്റെ മാസങ്ങൾ പ്രായമുള്ള അനിയത്തിക്ക് പാട്ട് പാടികൊടുക്കുന്നു ..ടീച്ചർ പഠിപ്പിച്ചതാന്ന് പറഞ്ഞു എനിക്ക് കണ്ണ് നിറഞ്ഞു ടീച്ചറേ ,വരികൾ അവനെങ്ങനെ ഓർത്തു ചില വാക്കുകൾ കൃത്യായി പാടി ...എങ്ങനെ എന്നെനിക്കും അറിയില്ലായിരുന്നു .ഓടിമറയുന്ന അവന്റെ ചിന്തകളിൽ എവ്ടെയോ നിമിനേരത്തേക്കെങ്കിലും ഞാനും, സഹപഠിതാക്കളും , ഞങ്ങൾ ചേർന്ന് പാടുന്ന പാട്ടുകളും ഉണ്ടാവാമെന്ന് അറിയുമ്പോഴാണ് ഒരു ജോലി എന്നതിലുപരി അധ്യാപനം ആത്മസംതൃപ്തിയും സന്തോഷവും തരുമെന്ന് ബോധ്യമായ മറ്റൊരു അനുഭവത്താൽ മനസ്സ് നിറച്ചത് . അപ്പുസിനെ അവന്റെ പേര് പഠിപ്പിച്ചത് വല്ല്യൊരു സാഹസം ആയിരുന്നു അവസാനം അചം വചീം (അസം വസീം )എന്ന സ്വയം പ്രഖ്യാപിത നാമം അവൻ സ്വീകരിച്ചു .അവൻ ചില നേരങ്ങളിൽ അടുത്ത് വന്ന് അവന് ആവുമ്പോലെ അവ്യക്തമെങ്കിലും എന്തൊക്കെയോ പരാതികൾ പരിഭവങ്ങൾ ,ചിലപ്പോൾ വീട്ടിലെ അനിയത്തിയെക്കുറിച്ച് സംസാരിക്കും അത് കൃത്യായി മനസിലാവില്ലെങ്കിലും അങ്ങനല്ല എല്ലാം മനസിലാവും എന്ന പോലെ ഞാൻ കേൾക്കാറുണ്ട് . അപ്പോൾ നിന്റെ മുഖത്തെ ആവേശം സന്തോഷം അത് നിന്നെ കേൾക്കാൻ എന്നെ പ്രേരിപ്പിക്കും .അസം നുള്ളി, അസം അടിച്ചു , അസം ...........നിന്റെ പേരിലെ പരാതികൾ ഞാൻ പാടെ മറക്കുകയായിരുന്നു .എന്തോ അവന് ചിലപ്പോ അവനെ തന്നെ ഇഷ്ടമാവാതെ പോലെയാണ് .അതിനിടയിൽ അവന്റെ ഇഷ്ട്ടങ്ങളിൽ ചിലതുണ്ട് . സ്കൂളിന് വളരെ അടുത്താണ് റെയിൽവേ ട്രാക്ക് .ഒരു പകലിൽ കടന്നുപോവുന്ന തീവണ്ടികളുടെ സമയം അവന് ഹൃദ്ദിസ്ഥമാണോന്ന് തോന്നിപോകും കാരണം ട്രെയിൻ വരും മുൻപേ അപ്പു ജനലിനടുത്ത് എത്തിയിട്ടുണ്ടാവും .ട്രെയിനിന്റെ ശബ്ധത്തിനിടയിൽ അവൻ കൂവും, ജനൽ കമ്പി പിടിച്ച് തുള്ളിച്ചാടും .ഞാനോർക്കുന്നു ഒരുനാൾ നിന്റെ പ്രിയപ്പെട്ട ജനലിനടുത്ത് എന്റെ കൈവിരൽ പിടിച്ച് നിന്നത് ദൂരത്ത് നിന്ന് വരുന്ന ട്രെയിൻ നോക്കി നമ്മളൊരുമിച്ച് അന്ന് കൂവി ....കൂടെ നിന്റെ കൂട്ടുകാരും . സഹതാപം അല്ല അപ്പൂസേ നിന്നോട് തോന്നിയത് പകരം നിന്നെ നീയായി തന്നെ സ്വീകരിക്കുകയും നിന്റെ ഇഷ്ട്ടങ്ങളെ കുറുമ്പുകളെ ആസ്വദിക്കാനും ശ്രമിക്കുകയായിരുന്നു ഞാൻ . അസുഖമാണെന്ന് അറിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞ് പ്രാർത്ഥനയായിരുന്നു നിഷ്കളങ്കമായ ചിരിയാൽ ,സ്നേഹത്തോടൊരു നോട്ടത്താൽ കാൻസറിനെ തോൽപ്പിക്കാൻ നിനക്ക് കഴിയണമെന്ന് .
2015 നവംബർ 7, ശനിയാഴ്ച
എന്നെ സ്വാധീനിക്കുന്ന രാഷ്ട്രീയം
എന്റെ രാഷ്ട്രീയം എന്ന് ഉറപ്പിച്ച് പറയാനിപ്പോഴും അസ്ഥിരതയുണ്ടെങ്കിലും എന്നെ സ്വധീനിക്കുന്ന രാഷ്ട്രീയം അത് അരാഷ്ട്രീയതയിൽ നിന്നും നിക്ഷ്പക്ഷതയിൽ നിന്നും ഏറെ ദൂരം മുന്നോട്ടു യാത്ര ചെയ്ത് ഇടത് കവാടത്തിൽ എത്തിനില്ക്കുന്നു എന്ന് പറയാതെ വയ്യ .അച്ഛൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആയത്കൊണ്ട് കുട്ടിക്കാലത്ത് അച്ഛന്റെ രാഷ്ട്രീയമാണ് എന്റെ കണ്മുന്നിൽ ഉണ്ടായിരുന്നത് .അച്ഛന്റെ രാഷ്ട്രീയ വ്യക്തിത്വം എന്നെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും പല കാരണങ്ങളാൽ എന്റെ രാഷ്ട്രീയ നിലപാടുകൾ അരാഷ്ട്രീയവും,നിക്ഷ്പക്ഷവുമായിരുന്നു.ഞങ്ങൾ തമ്മിൽ പല വിഷയങ്ങൾ സംസാരിക്കാറുണ്ട് ,വാദിക്കാറുണ്ട് ..... രാഷ്ട്രീയം ചര്ച്ചചെയ്യുമ്പോൾ വൈരുദ്ധ്യ അഭിപ്രായങ്ങൾ ഉണ്ടാവാറുണ്ട് . കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ആശയങ്ങൾ ,മാർക്സ് ,ലെനിൻ ..പാർട്ടി ക്ലാസ്സുകളിലെ ചില ഡയലോഗുകൾ ...ഇ.എം.എസ് ,എ കെ.ജി ......ന്നൊക്കെ പറയുമ്പോൾ കേൾക്കാൻ എനിക്കിഷ്ട്ടായിരുന്നു.അതുവരെ വാദിച്ചിരുന്ന ഞാൻ അപ്പോൾ മാത്രം കേൾവിക്കാരിയാവും . .ബി.ജെ.പി എന്നെ ഒട്ടും സ്വധീനിച്ചിരുന്നില്ലെങ്കിലും മോദിയുടെ വ്യക്തിപ്രഭാവത്തോട് ( ഗുജറാത്ത് കലാപത്തിന്റെ പേരിൽ എനിക്ക് വിദ്വേഷം തോന്നിയിരുന്നു,എങ്കിലും ) ബഹുമാനം തോന്നിയിരുന്നു .ഇപ്പോൾ ഒരു പഴയ കമ്മ്യൂണിസ്റ്റുകാരനായ അച്ഛൻ (ഭർത്താവിന്റെ അച്ഛൻ ) എന്നെ അത്ഭുതപെടുത്തുകയാണ്.ഇടതെന്നാൽ പ്രത്യേകിച്ച് കണ്ണൂരിൽ കൊല്ലും കൊലയുമെന്നാണ് പൊതുവെ പറയാറ് (പത്ര_ മാധ്യമങ്ങളിൽ നിന്നുള്ള അറിവല്ലാതെ ഇന്നുവരെ അത്തരം അക്രമങ്ങൾ എന്റെ ഗ്രാമത്തിൽ ഉണ്ടായിട്ടില്ല) . എന്നാൽ അച്ഛൻ ഒരു സ്ഥാനപ്പേര് ഇല്ലതെപോലും ചെയ്യുന്ന പ്രവർത്തനങ്ങൾ അത് കമ്മ്യൂണിസ്റ്റ് ചിന്താഗതിയുടെ ഭാഗമാണെന്ന് മനസിലാകുമ്പോൾ മനസ്സ് നിറയുന്നു .ചെന്നുകേറിയത് ഇതുവരെ ഞാണ് ദൂരം മാത്രം അകലെ നിർത്തിയിരുന്ന രാഷ്ട്രീയത്തിന്റെ കുടുംബ പാരമ്പര്യമുള്ള വീട്ടിലേക്കായിരുന്നു.കല്യാണം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ ആയിരുന്നു സഖാവ് ;പാട്യം ഗോപാലന്റെ ചരമ വാർഷികം .അമ്മയുടെ അമ്മാവൻ ആയതിനാൽ തറവാട്ടിൽ പോവേണ്ടിയിരുന്നു . ഒരു മുൻധാരണയും ഇല്ലാതെ ചെന്ന ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി ...ഒരു നാട് മുഴുവൻ വാർഷികത്തിന് കൂടെ ചേരുന്നു .ദൂരെ നിന്ന് മാത്രം കണ്ടിരുന്ന പാർട്ടി ഓഫീസിൽ അന്നാദ്യമായി ഞാൻ കേറി .ചുവന്ന പൂവുകൾ അദ്ദെഹത്തിന്റെ പ്രതിമയിലർപ്പിച്ചു.ഈഖിലാബ് വിളികൾ ഇത്ര അടുത്തുന്നു കേട്ടത് അന്നാദ്യം. അന്നവ്ടെ കൂടിയവര്ടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു സഖാവ് ആരായിരുന്നെന്ന് .ചരിത്രം കുറെയൊക്കെ കേട്ടറിയുമ്പോൾ മനസ്സ് പറഞ്ഞു സാധാരണക്കാരന് വേണ്ടി ഇത്രയേറെ യത്നിച്ച മനുഷ്യരുണ്ടെങ്കിൽ അവർക്ക് വേണ്ടിയാവണ്ടെ എന്റെ ചിന്തകൾ ! അതൊരു തുടക്കമായിരുന്നു ചെഗുവേര എന്ന് വിളിച്ച് അഭിമാനം കൊള്ളുന്നവരെ കണ്ടപ്പോൾ ഓർത്തു എന്തെങ്കിലുമൊക്കെ ചരിത്രം അറിഞ്ഞിരിക്കണമെന്ന് .അങ്ങനെ aleida guevara പ്രസിദ്ധപ്പെടുത്തിയ the motorcycle diaries വായിച്ചു .ബൊളീവിയൻ ഡയറി വാങ്ങിയിട്ടുമുണ്ട് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒന്നും വായിക്കാനുള്ള കെൽപ്പില്ലെന്നുള്ളോണ്ട് കുഞ്ഞു കുഞ്ഞു പുസ്തകങ്ങൾ വായിക്കണമെന്നും കൂടുതൽ അറിയണമെന്നും മനസ്സ് പറയുന്നു .ഇന്നത്തെ ഇടത് രാഷ്ട്രീയത്തിൽ എത്രത്തോളം കമ്മ്യൂണിസ്റ്റ് സ്വാധീനം ഉണ്ടെന്ന് വ്യക്തമല്ലെങ്കിലും എന്റെ ചിന്തകളുമായി കുറച്ചെങ്കിലും സമരസപ്പെട്ടുപോവുന്ന ഇടത് രാഷ്ട്രീയം എന്നെ സ്വാധീനിക്കുന്നതായി ഞാൻ അറിയുന്നു .
2015 ജൂൺ 27, ശനിയാഴ്ച
കിഴക്കേപറമ്പിലെ കാഴ്ചകൾ
എന്റെ കുട്ടിക്കാലത്തെ കളിക്കളം കിഴക്കേപറമ്പാണ്. കിഴക്കേപറമ്പിൽ നിറയെ മരങ്ങളും തൈ ചെടികളും വാഴയും ഉണ്ടായിരുന്നു .നിറയെ പച്ചവിരിച്ച് നില്ക്കുന്ന മരങ്ങളോട് ഒരിഷ്ട്ടകൂടുതൽ അന്നേ ഉണ്ടായിരുന്നു .വലിയ കാടുകൾ കാണും മുന്നേ എന്റെ കൂട്ടുകാരായ ചില മരങ്ങൾ പറമ്പിലുണ്ടായിരുന്നു. എന്നോടൊപ്പം വളർന്ന മഞ്ചാടി മരവും, മുട്ട പഴത്തിന്റെ തൈ മരവും ,മൈലാഞ്ചി ചെടിയും , സപോട്ട ചെടിയും .പിന്നെ ഇവർക്കിടയിൽ തലപൊക്കമുള്ള വങ്ങണ മരവും,പുളിമരവും ,മാവും ,പ്ലാവും ,ഉപ്പിലയും,പേരക്ക മരവും ,കശുമാവുമൊക്കെ ഉള്ള കിഴക്കേപറമ്പ് ഓർമ്മയിലെത്തുമ്പോൾ ക്ലിഷേ ആണെങ്കിലും ഗൃഹാതുരത്വം തോന്നുന്നൂന്ന് പറയാതാവൂല . കൂട്ടുകാർ കൂടുമ്പോൾ ഞങ്ങൾ കളിക്കാറുള്ള ഒളിച്ചു കളിയും ചുള്ളിമ്മേൽ നിൽപ്പ് കളിയും, ചോറുവച്ച് കളിയും കൂടാതെ ഞാൻ ഒറ്റയ്ക്കാവുമ്പോൾ ടീച്ചറും കുട്ടിയോളും കളിക്ക്ന്നെ അവയോടോപ്പാണ്. ചോറുവച്ച് കളിയിൽ ഉപ്പിലയിലയിൽ ചോറ് വിളമ്പിയാൽ കാണാവുന്ന വിഭവങ്ങൾ എല്ലാം ഓരോ ഇലകൂട്ടുകൾ ആവും. കുറുകൂട്ടിമരത്തിന്റെ ഇത്തിരിപഴുത്ത ഇല എനിക്കിഷ്ട്ടായിരുന്നു ...ചാരനിറത്തിലുള്ള ഇല മുഴുവൻ അരിപ്പകൾ കാണും അത് വച്ച് നീലാകാശം നോക്കാൻ നല്ല രസാണ് .തെങ്ങോലേം ഈര്ക്കിലും കൊണ്ടുണ്ടാക്കുന്ന കണ്ണടയ്ക്ക് ലെൻസ് ആയും കുറുകൂട്ടിയില ഞങ്ങൾ വെക്കാറുണ്ട് . കിഴക്കേ പറമ്പിൽ ഒരു വങ്ങണ മരം ണ്ട്ന്ന് പറഞ്ഞല്ലോ ആ മരത്തിനൊരു വിശേഷം ണ്ട് !എന്താന്നോ , കുത്തനെ വളരുന്ന മരത്തിന്റെ 'ചില്ലകൾ ഏറ്റം മുകളിലാണ് ' അവ്ടെ ഒരു കാക്കക്കൂടുണ്ട് .മിക്ക ദിവസോം വൈകുന്നേരം ആ മരത്തിൽ കുയിൽ വരാറുണ്ട് ചെറുതായിരുന്നപ്പo ഞാൻ കുയിലിനെ തോല്പ്പിക്കാൻ കൂവാറുണ്ട് .. അവസാനം തോല്ക്കാൻ ചന്തുവിന്റെ ജീവിതം പിന്നേം ബാക്കി ന്നു പറഞ്ഞു ഞാൻ പത്തി മടക്കും. ഇണങ്ങിയും പിണങ്ങിയും ഞങ്ങൾ ആ സംഗീത സപര്യ അനുസ്യൂതം തുടര്ന്നു . ഈ വങ്ങണ മരത്തിന്റെ അടുത്താണ് മഞ്ചാടി മരം അന്ന് എന്നെ പോലെ കുട്ട്യാണ് മഞ്ചാടി മരം .
( ചിത്രത്തിൽ കാണുന്ന ഒരു കോലൻ പെൻസിൽ പോലെ മെല്ലിച്ച മരത്തയ്യ് ആണ് മഞ്ചാടി,തൊട്ടടുത്ത് പുളിമരം ) . നല്ല കാറ്റടിച്ചാൽ ചോരതുടുപ്പുള്ള മഞ്ചാടി മുത്തുകൾ മണ്ണിൽ വീഴും
.ഇടവപ്പാതിയിൽ മുറ്റം നിറയുന്ന മഴവെള്ളത്തിൽ മുങ്ങി നിവര്ന്നു ഒഴുകുന്ന കടലാസുതോണിയിൽ മഞ്ചാടി കുരുവിനെ പ്രതിഷ്ടിക്കാറുണ്ട് ...പിന്നെ സ്കൂളിൽ ടീച്ചർക്ക് എണ്ണം പഠിപ്പിക്കാൻ വേണ്ടി കൊണ്ടുകൊടുക്കും ..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
